17/03/2026
യുഎൽ ആക്റ്റന്റ്, യുഎൽ എൻ’ഷോർ
ഊരളുങ്കൽ കുടുംബത്തിൽനിന്നു രണ്ടു നവസംരംഭങ്ങൾ ✨
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുടുംബത്തിൽനിന്നു നിർമ്മാണരംഗത്തേക്കു രണ്ട് ബ്രാൻഡുകൾ കൂടി. ഇലക്ട്രിക്കൽ എൻജിനീയറിങ് രംഗത്തെ സേവനങ്ങൾക്കായി ‘യുഎൽ ആക്റ്റന്റ്’, ഇന്റീരിയർ ഡിസൈനിങ്, നിർവ്വഹണ രംഗങ്ങളിലെ സേവനങ്ങൾക്കായി ‘യുഎൽ എൻ’ഷോർ’ എന്നീ സംരംഭങ്ങൾ പ്രവർത്തനം തുടങ്ങി. പത്തുവർഷംകൊണ്ട് 3,500 തൊഴിലവസരം സൃഷ്ടിക്കാൻ കഴിയുമെന്നു കണക്കാക്കുന്ന ഈ രണ്ടു സംരംഭങ്ങളുംകൂടി 4000 കോടി രൂപയുടെ വിറ്റുവരവു ലക്ഷ്യമിടുന്നു.
രണ്ടു സ്ഥാപനങ്ങളുടെയും ലോഗോകൾ പ്രകാശനം ചെയ്ത് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.
സൊസൈറ്റിയുടെ പ്രവർത്തനം ദേശീയതലത്തിലേക്കും ആഗോളതലത്തിലേക്കും സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണു പുതിയ സംരംഭങ്ങൾ. ഈ ഉദ്ദേശ്യത്തോടെ ഫ്യൂച്ചറിസ്റ്റിക് നിർമ്മാണങ്ങൾക്കായി ദേശീയതലത്തിൽ പ്രവർത്തിക്കാൻ യു-സ്ഫിയർ എന്ന ഉപസ്ഥാപനം 2025 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. നവോത്ഥാനപ്രവർത്തനങ്ങൾക്കു മുൻകൈ എടുത്ത തൊഴിലാളികൾക്കു ജീവിതം വിലക്കിയപ്പോൾ തൊഴിൽ സൃഷ്ടിക്കാൻ പിറവികൊണ്ട തൊഴിലാളിസഹകരണസംഘം പുതിയ കാലത്തിനും പുതുതലമുറയുടെ അഭീഷ്ടങ്ങൾക്കും അനുസരിച്ച പുതിയ തൊഴിൽമേഖലകൾ വികസിപ്പിക്കാൻ നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് പുതിയ സംരംഭങ്ങൾ.
യുഎൽ ആക്റ്റന്റ്
ഇലക്ട്രിക്കൽ, എക്സ്ട്രാ ലോ വോൾട്ടേജ് (ELV) സിസ്റ്റങ്ങൾ, ഹരിതോർജ്ജങ്ങൾ തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ സംവിധാനങ്ങളും സേവനങ്ങളും വരെ ഒരുക്കിനല്കാൻ കഴിയുന്ന സ്ഥാപനമായാണ് യുഎൽ ആക്റ്റന്റ് നിലവിൽ വരുന്നത്. ഒരു വ്യാഴവട്ടത്തിലേറെയായി സൊസൈറ്റിയിൽ പ്രത്യേകവിഭാഗമായി പ്രവർത്തിച്ചുവരുന്ന ഇലക്ട്രിക്കൽ വിങ്ങാണ് യുഎൽ ആക്റ്റന്റ് എന്ന പുതിയ സംരംഭമായി പിറവിയെടുത്തത്.
നിർമ്മാണപ്രൊജക്റ്റുകൾക്കുവേണ്ട ഇലക്ട്രിക്കൽ കൺട്രോൾ പാനലുകൾ രാജ്യത്തെവിടെയുമുള്ള ഉപഭോക്താക്കൾക്കായി ലഭ്യമാക്കും. ഓട്ടോമേഷനും റോബോട്ടിക്സും പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി ഇവയുടെ പുതിയ മാതൃകകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. പൊതു-സ്വകാര്യ ഉപഭോക്താക്കൾക്കായി എനർജി മീറ്ററുകളുടെ ടെസ്റ്റിങ്, കാലിബ്രേഷൻ യൂണിറ്റും യുഎൽ ആക്റ്റന്റിൽ വൈകാതെ തുടങ്ങും. എൻഎബിഎൽ അക്രഡിറ്റേഷനോടെ സൊസൈറ്റിയുടെ മെറ്റീരിയൽ ടെസ്റ്റിങ് ലാബായ മാറ്റർലാബു വഴിയാകും ഈ സേവനം നല്കുക. ദിവസം 100 മീറ്ററുകൾ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് ആദ്യം ഒരുക്കുക.
ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ATMS), സിസിറ്റിവി, ഡേറ്റ നെറ്റ്വർക്കിങ്, ഡിജിറ്റൽ കണക്റ്റിവിറ്റി തുടങ്ങിയ ഇഎൽവി സംവിധാനങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നിലവിൽ ഊരാളുങ്കൽ സൊസൈറ്റി ചെയ്തുവരുന്നത് ഇനി യുഎൽ ആക്റ്റന്റ് ഏറ്റെടുക്കും. ഇത്തരം പ്രവർത്തനങ്ങളെല്ലാം നിരവധി വർഷങ്ങളായി ഈ ഉപവിഭാഗം നിർവ്വഹിച്ചുവരുന്നതിന്റെ അനുഭവസമ്പത്ത് പുതിയ സംരംഭത്തിനു വിശ്വാസ്യതയും സ്വീകാര്യതയും പകരും. ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി അംഗങ്ങളായ നൂറു തൊഴിലാളികളുടെ വീടുകളിൽ പുരപ്പുറസൗരോർജ്ജപ്ലാന്റ് സ്ഥാപിച്ച പരിചയവും യുഎൽ ആക്റ്റന്റിനുണ്ട്. ഇഎഛ്റ്റി, എഛ്റ്റി പ്രവൃത്തികൾ ചെയ്തുള്ള പരിചയവും എ ക്ലാസ് കോൺട്രാക്ട് ലൈസൻസുമുള്ള യൂണിറ്റിന് നവീകരണോർജ്ജപദ്ധതികൾക്ക് കേന്ദ്ര-സംസ്ഥാനസർക്കാർ സ്ഥാപനങ്ങളായ എംഎൻആർഇ, അനേർട്ട് എന്നിവയുടെ എംപാനൽ അക്രഡിറ്റേഷനുമുണ്ട്. ഐബെസ്സ് പദ്ധതികൾക്ക് എനർജി മാനേജ്മെന്റ് സെന്ററും യുഎൽ ആക്റ്റന്റിനെ എംപാനൽ ചെയ്തിട്ടുണ്ട്.
2035-ഓടെ ഹരിതഹൈഡ്രജൻ, പവനോർജ്ജം, സൗരോർജ്ജത്തിന്റെ പുതുസാദ്ധ്യതകൾ, ചെറുകിട ജലവൈദ്യുതിപദ്ധതികൾ, പമ്പ്ഡ് സ്റ്റോറേജ് പ്രവൃത്തികൾ, ബാറ്ററി എനർജി സ്റ്റോറേജ് (BES) തുടങ്ങിയ രംഗങ്ങളിൽ വലിയ മുന്നേറ്റം കൈവരിക്കാനുള്ള ഭാവിപദ്ധതികളും യുഎൽ ആക്റ്റന്റ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിനെല്ലാം വേണ്ട അന്താരാഷ്ട്രവൈദഗ്ദ്ധ്യം ആർജ്ജിക്കാൻ ഉന്നതതലത്തിലുള്ള വിദഗ്ദ്ധരായ കൺസൾട്ടന്റുമാരുടെ സേവനവും തന്ത്രപ്രധാനമായ സഹകരണങ്ങളും ഉറപ്പാക്കിയാകും യുഎൽ ആക്റ്റന്റ് മുന്നോട്ടു പോകുക. 2035-ഓടെ 2000 കോടി രൂപ വിറ്റുവരവും പ്രത്യക്ഷമായും പരോക്ഷവുമായി 1500-ഓളം തൊഴിലവസരവും യുഎൽ ആക്റ്റന്റ് പ്രതീക്ഷിക്കുന്നു.
യുഎൽ എൻ’ഷോർ
ഓഫീസ്, വാണിജ്യ, പാർപ്പിടനിർമ്മിതികളുടെ ഉള്ളകങ്ങൾ ഉപയോഗാധിഷ്ഠിതമായി പുതുക്കാലപ്രൗഢിയിൽ രൂപകല്പന ചെയ്തു സജ്ജീകരിക്കാൻ വിഭാവനം ചെയ്തിട്ടുള്ള സ്ഥാപനമാണ് യുഎൽ എൻ’ഷോർ. അത് സർക്കാർ, സ്വകാര്യ മേഖലകൾക്കായി ഇത്തരം സേവനങ്ങൾ നല്കും. സുസ്ഥിരവും പ്രകൃതിസൗഹൃദവുമായ ജൈവികാന്തരീക്ഷം പകരുന്നതരം ഇന്റീരിയർ ഡിസൈൻ, മോഡുലാർ ഫർണീച്ചർ, ടേൺ കീ വ്യവസ്ഥയിൽ ഓഫീസ് സൗകര്യമൊരുക്കൽ തുടങ്ങിയ സേവനങ്ങളാണ് യുഎൽ എൻ’ഷോർ ലഭ്യമാക്കുക.
ഊരാളുങ്കൽ സൊസൈറ്റി നൂറ്റാണ്ടുകൊണ്ട് ആർജ്ജിച്ച ഗുണമേന്മയുടെയും സത്യസന്ധതയുടെയും പൈതൃകം കരുത്താക്കി രാജ്യത്തിന്റെ ഡിസൈൻ, നിർമ്മാണ പരിസ്ഥിതിവ്യൂഹത്തിൽ പ്രധാന താരമായി മാറുകയാണു ലക്ഷ്യം. ആയിരം നൈപുണ്യശാലികൾക്കു തൊഴിലവസരം സൃഷ്ടിക്കാനും യുവഡിസൈനർമാരെയും എൻജിനീയർമാരെയും വാസ്തുശില്പികളെയും പ്രൊജക്റ്റ് സ്പെഷ്യലിസ്റ്റുകളെയും ശാക്തീകരിക്കാനുമുള്ള പരിപാടികൾ ഇതിനായി യുഎൽ എൻ’ഷോർ ആസൂത്രണം ചെയ്തിട്ടുണ്ട്.
സൊസൈറ്റിക്കു സ്വന്തമായുള്ള മോഡുലാർ മാനുഫാക്ചറിങ് യൂണിറ്റും വർക് ഷോപ്പുകളും ഫൗണ്ടറികളും മറ്റ് ആധുനിക ഉത്പാദന സംവിധാനങ്ങളും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനരീതിയും തന്ത്രപ്രധാനമായ പങ്കാളിത്തങ്ങളും പ്രയോജനപ്പെടുത്തി അടുത്ത പത്തു വർഷംകൊണ്ട് യുഎൽ എൻ’ഷോറിന് 2000 കോടി രൂപയുടെ റവന്യൂവരുമാനം കൈവരിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നേരിട്ടും അല്ലാതെയുമായി 2000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
പ്രൗഢമായ തുടക്കം
സൊസൈറ്റി വൈസ് ചെയർമാൻ എം. എം. സുരേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ രണ്ടു സ്ഥാപനത്തിന്റെയും പ്രചാരണസാമഗ്രികളും പ്രമാണരേഖകളും സൊസൈറ്റിയുടെ വിവിധ ഡയറക്ടർമാർ പ്രകാശനം ചെയ്തു. യുഎൽ ആക്റ്റന്റിന്റെ ബ്രോഷർ പി. പ്രകാശനും യുഎൽ എൻ’ഷോറിന്റെ ബ്രോഷർ വി. കെ. അനന്തനും പ്രകാശിപ്പിച്ചു. യുഎൽ ആക്റ്റന്റിന്റെ വെബ്സൈറ്റ് സുരേഷ് ബാബുവും യുഎൽ എൻ’ഷോറിന്റെ വെബ്സൈറ്റ് കെ. ടി. രാജനും തുറന്നു. യുഎൽ ആക്റ്റന്റിന്റെ മാർക്കറ്റിങ് വീഡിയോയും യുഎൽ എൻ’ഷോറിന്റെ വിഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ വീഡിയോയും ശ്രീജിത് സി. കെ. പ്രകാശനം ചെയ്തു.
യുഎൽ ആക്റ്റന്റിന്റെ കണ്ട്രോൾസ് പ്രൊഡക്ഷൻ അനുഭവം ശ്രീജ മുരളി പങ്കുവച്ചു. യുഎൽ എൻ’ഷോറിന്റെ പ്രോഡക്റ്റ് അവതരണം ഷിജിൻ ടി. ടി. നിർവ്വഹിച്ചു. യുഎൽ ആക്റ്റന്റിനായി മാറ്റർലാബിൽ ഒരുക്കിയിട്ടുള്ള എനർജി മീറ്റർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ യൂണിറ്റിന്റെ ബ്രോഷർ ലുബിന ടി. പ്രകാശനം ചെയ്തു. ഇലക്ട്രിക്കൽ വിഭാഗം മേധാവിയും ഓപ്പറേഷൻസ് എജിഎമുമായ ബിജേഷ് വി. കെ. യുഎൽ ആക്റ്റന്റിന്റെയും ഇന്റീരിയർ ഫിറ്റൗട്ട് ആൻഡ് ഫർണിച്ചർ വിഭാഗം മേധാവി ശരത് ലാൽ കെ. എസ്. യുഎൽ എൻ’ഷോറിന്റെയും വിഷൻ രേഖകൾ അവതരിപ്പിച്ചു. സൊസൈറ്റി എംഡി എസ്. ഷാജു സ്വാഗതവും ജനറൽ മാനേജർ അഡ്മിനിസ്ട്രേഷൻ ഷാബു കെ. പി. നന്ദിയും പറഞ്ഞു. മറ്റ് ഉപസ്ഥാപനങ്ങളുടെ മേധാവികൾ, പ്രധാന ഉദ്യോഗസ്ഥർ, ലീഡർമാർ തുടങ്ങിയവരും സംബന്ധിച്ചു.